Home » , , , , » ഇലക്കറികള്‍ തയ്യാറാക്കാം -MALAYALAM ARTICLE

ഇലക്കറികള്‍ തയ്യാറാക്കാം -MALAYALAM ARTICLE

ഇലക്കറികള്‍ തയ്യാറാക്കാം
മലപ്പട്ടം പ്രഭാകരന്‍


നിത്യാഹാരത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന തിരിച്ചറിവ് ഇപ്പോള്‍ വ്യാപകമാവുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം 300 ഗ്രാം ഇലക്കറികളെങ്കിലും കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇലക്കറികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. പ്രത്യേകിച്ചും കര്‍ക്കടകമാസത്തില്‍ നിത്യാഹാരത്തില്‍ ഇലക്കറികള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് ആയുര്‍വേദവും പറയുന്നു. കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഇലക്കറികളെ പരിചയപ്പെടാം.



തകര

തകര പണ്ടുകാലത്ത് തൊടികളിലും നിരത്തുവക്കിലുമെല്ലാം കാടായി കിടക്കുന്ന കുറ്റിച്ചെടിയാണ്. ഇന്ന് കുറഞ്ഞുവരുന്നു. ഇതിന്റെ ഇല, പ്രത്യേകിച്ചും കിളിര്‍പ്പുഭാഗം നുള്ളിയെടുത്ത് കറിവയ്ക്കാം. വൈറ്റമിന്‍ എ, സി എന്നിവയും മറ്റു ധാതുക്കളും ധാരാളമുണ്ട്. ചിങ്ങം കഴിയുമ്പോഴേക്കും പൂത്ത് കായ ഉണ്ടാകും. അതിനുമുമ്പെ തലപ്പ് നുള്ളിയെടുത്ത് കറിവയ്ക്കാം. ഇലക്കറികളുടെ ഗുണത്തിലും ഔഷധഗുണത്തിലും തകര മുന്‍സ്ഥാനത്തു നില്‍ക്കും. വിത്തു പാകി മുളപ്പിച്ച് തൈകള്‍ വളര്‍ത്തി തകര കൃഷിചെയ്യാം.



താളില

കര്‍ക്കടകത്താള്‍ നല്ല ഇലക്കറിയാണ്. ഇതിന്റെ ഇലയും തണ്ടും പൂവും കറിവയ്ക്കാന്‍ ഉപയോഗിക്കാം. ചൊറിച്ചില്‍ അനുഭവപ്പെടുമെന്ന ദൂഷ്യമുണ്ട്. നന്നായി വേവിച്ചാല്‍ ഇത് മാറിക്കിട്ടും. മഴക്കാലത്ത് ഇടയ്ക്ക് താളിന്റെ കറി കഴിക്കണം. നല്ല ചതുപ്പുനിലങ്ങളിലാണ് താള് കിളുര്‍ത്തുവളരാറുള്ളത്.



മുരിങ്ങ

ഏതു സമയത്തും മുരിങ്ങയില ഉപയോഗിക്കാമെങ്കിലും കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ പ്രത്യേക ഗുണമുണ്ട്. തളിരിലയ്ക്കാണ് സ്വാദ്. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ധാരളമുണ്ട്. വീട്ടില്‍ ഒരു മുരിങ്ങമരം ആവശ്യമാണ്.



അഗത്തിച്ചീര

വീട്ടുവളപ്പില്‍ വളര്‍ത്താവുന്ന ഒരു ചെറുമരമാണ് അഗത്തിച്ചീര. മൂപ്പെത്താത്ത ഇലകളും പൂക്കളും കറിക്ക് ഉപയോഗിക്കും. ജീവകം "എ"യുടെ കലവറയാണ്. കണ്ണിന്റെ അസുഖത്തിനു പറ്റിയ ഇലക്കറിയാണ് അഗത്തിച്ചീര. വിത്തു പാകി തൈകളുണ്ടാക്കിയാണ് കൃഷിചെയ്യുക.



വള്ളിച്ചീര അഥവാ ബസല്ലച്ചീര (വഷളച്ചീര)

വീട്ടുവളപ്പില്‍ പടര്‍ത്തി നട്ടുവളര്‍ത്താവുന്ന ഇലക്കറിയാണിത്. തണ്ട് പച്ച, പിങ്ക് നിറത്തോടുകൂടിയതാണ്. വീട്ടുമുറ്റത്ത് പന്തലായും, വേലിയില്‍ പടര്‍ത്തിയും കൃഷിചെയ്യാം. ഇതിന്റെ തലപ്പുകളാണ് നടീല്‍ വസ്തു. പോഷകസമ്പന്നമാണ്. പെട്ടെന്ന് പാകംചെയ്യാനും കഴിയും. പച്ചച്ചീരയും ചുവന്ന ചീരയും കര്‍ക്കടകം, ചിങ്ങം എന്നീ മാസങ്ങളില്‍ ഈ രണ്ടിനവും കഴിക്കണം. "പുസാ കിരണ്‍" എന്ന ഇനം മഴക്കാലത്ത് യോജിച്ചതാണ്. വൈറ്റമിന്‍ എ ഉള്‍പ്പെടെ പോഷകമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇലയും തണ്ടും എല്ലാം ആഹാരത്തിനു യോജിച്ചതാണ്. ധാതുക്കളും നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.



ചെക്കുറ്മാനീസ് (മധുരച്ചീര)

പ്രധാനപ്പെട്ട എല്ലാ വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എന്നിവയും ഇരുമ്പും പ്രധാനം. കുറ്റിച്ചെടിയായി വീട്ടുപരിസരത്ത് വര്‍ഷങ്ങളോളം വളര്‍ത്താം. ഇളം മൂപ്പെത്തിയ തണ്ട് നടാന്‍ ഉപയോഗിക്കാം. രുചികരമായ പലവിധം കറിയും ഉണ്ടാക്കാം. നിത്യാഹാരത്തില്‍ മധുരച്ചീര നല്ലതാണ്.



സാമ്പാര്‍ചീര (വാട്ടര്‍ലീഫ്)

തണല്‍ ഇഷ്ടപ്പെടുന്ന ഒന്നാംതരം ഇലക്കറിയാണ് സാമ്പാര്‍ചീര. സിറ്റൗട്ടുകളിലും, മുറിക്കുള്ളില്‍പ്പോലും വളര്‍ത്താം. ചെടിച്ചട്ടികളില്‍ വളര്‍ത്തിയെടുക്കാനും പറ്റും. ഇളം തണ്ടും ഇലയും മുറിച്ചെടുത്ത് സാമ്പാര്‍, തീയല്‍ തുടങ്ങിയ ഉണ്ടാക്കാം. തഴുതാമ പല രോഗത്തിനും ഔഷധംകൂടിയായ തഴുതാമ ഇലക്കറിയായി ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. "പുനര്‍നവ" എന്ന പേരുകൂടിയുണ്ട്. യൗവനം സംരക്ഷിക്കാനുതകുന്ന ഔഷധവീര്യമുണ്ട്. ഒരുതവണ നട്ടാല്‍ നിലത്തുകൂടി പടര്‍ന്ന് കുറേ വര്‍ഷം ഉപയോഗിക്കാം. ഇലയും ഇളംതണ്ടും ഉപ്പേരിക്കും സൂപ്പിനും സലാഡിനും ഉത്തമമാണ്.



കുമ്പള ഇല

കുമ്പളത്തിന്റെ ഇല നല്ല ഇലക്കറിയാണ്. ഇടത്തരം മൂപ്പുള്ള ഇല നുള്ളിയെടുത്ത് അരിഞ്ഞിട്ട് കറിവയ്ക്കാം. ഇല മോരില്‍ അരച്ചു ചാലിച്ച് ചമ്മന്തിക്കറിയും ഉണ്ടാക്കാം. ഔഷധഗുണവും പോഷകഗുണവുമുണ്ട്. കൊടുത്തൂവ ഇല ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ചൊറിഞ്ഞ് തിണര്‍പ്പുണ്ടാവുന്ന, നാം അകറ്റിനിര്‍ത്തുന്ന ഇലയാണിതെങ്കിലും ഇലക്കറി എന്ന നിലയില്‍ ഗുണവും ഔഷധമേന്മയും ഉണ്ട്. മറ്റ് ഇലകള്‍ക്കൊപ്പം കൊടുത്തൂവ ഇലയും ചേര്‍ത്ത് കറിവയ്ക്കാം. പയര്‍ ഇലകള്‍ ഉഴുന്ന്, ചെറുപയര്‍, വള്ളിപ്പയര്‍, കുറ്റിപ്പയര്‍ എന്നിവയുടെ അധികം മൂപ്പെത്താത്ത ഇലകള്‍ മികച്ച ഇലക്കറിയാണ്. ഇതും കര്‍ക്കടകം, ചിങ്ങം മാസങ്ങളിലെ ഇലക്കറി ഇനത്തില്‍ ഉള്‍പ്പെടുത്താം.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---


0 comments:

Post a Comment