Home » , » എന്താണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍?

എന്താണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍?

1. എന്താണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍?

അഞ്ചുവയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം പോളിയോ തുള്ളിമരുന്നു നല്‍കി പോളിയോ രോഗാണു സംക്രമണം തടയുന്ന പരിപാടിയാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍

2. പള്‍സ് പോളിയോ ഇമ്യൂണൈസേഷനിലൂടെ എങ്ങനെയാണ് പോളിയോ രോഗ നിര്‍മാര്‍ജനം സാധ്യമാകുന്നത്?

പോളിയോ രോഗം ഉണ്ടാക്കുന്ന വന്യ വൈറസ് (വൈല്‍ഡ് വൈറസ്) വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്. എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം പോളിയോ തുള്ളിമരുന്നു ലഭിക്കുമ്പോള്‍ കുട്ടികളുടെ കുടലില്‍ വാക്സിന്‍ വൈറസ് പെരുകുകയും അവ കുടലിലുള്ള വന്യ വൈറസുകളെ നശിപ്പിക്കുകയും ചെയ്യുന്നു.

3. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്നു ലഭിച്ച കുട്ടികള്‍ക്കും പള്‍സ് പോളിയോ വാക്സിന്‍ നല്‍കേണ്ടതുണ്ടോ?
ഉണ്ട്. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം നല്‍കുന്ന പോളിയോ വാക്സിന്‍ വ്യക്തിഗത സംരക്ഷണമാണു നല്‍കുന്നത്. പള്‍സ് പോളിയോ തുള്ളിമരുന്ന് രോഗാണുസംക്രണം തടഞ്ഞ് സമൂഹത്തിലൊന്നാകെയുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തി പോളിയോ രോഗനിര്‍മാര്‍ജനം സാധ്യമാക്കുന്നു.

4. എന്തുകൊണ്ടാണ് ഇത്രയേറെ തവണ പള്‍സ് പോളിയോ പരിപാടി നടത്തുന്നത്?

കേരളത്തില്‍ നിന്നു 2000-ാമാണ്ടിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവിടെനിന്നു പോളിയോ വൈറസ് മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും പോളിയോ പരിപാടി നടത്തുന്നത്.

5. ഇന്‍ഡ്യയില്‍ പള്‍സ് പോളിയോ പരിപാടി എത്രകാലം തുടരും?

നമ്മുടെ രാജ്യത്തുനിന്നു പോളിയോ രോഗത്തിനു കാരണമായ വന്യ വൈറസിനെ നിര്‍മാര്‍ജനം ചെയ്യുന്നതുവരെ പള്‍സ് പോളിയോ പരിപാടി തുടരേണ്ടതാണ്
6. നവജാത ശിശുക്കള്‍ക്കും പോളിയോ വാക്സിന്‍ നല്‍കാമോ?

നല്‍കണം. ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങളുള്‍പ്പെടെ എല്ലാ നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ വാക്സിന്‍ നല്‍കണം
7. വയറിളക്കമോ മറ്റു രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ കൊടുക്കാമോ?

വയറിളക്കമോ മറ്റു രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും പോളിയോ വാക്സിന്‍ കൊടുക്കേണ്ടതാണ്

8. പോളിയോ വാക്സിന്‍ കൊടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു രോഗങ്ങള്‍ക്കുള്ള മരുന്നുകൊടുക്കാമോ?

കൊടുക്കാം

9. വൈദ്യുതി തടസ്സപ്പെട്ടാല്‍ പോളിയോ വാക്സിന്‍റെ ഗുണമേന്മ കുറയാന്‍ സാധ്യതയുണ്ടോ?

വൈദ്യുതി 72 മണിക്കൂര്‍(മൂന്നു ദിവസം) തുടര്‍ച്ചയായി തടസ്സപ്പെട്ടാല്‍പ്പോലും ഗുണനിലവാരം കുറയാതെ വാക്സിന്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ട്. കൂടാതെ വാക്സിന്‍ വയല്‍ മോണിറ്റര്‍ സംവിധാനവുമുണ്ട്. അതിന്റെ നിറം നോക്കി വാക്സിന്റെ ഉപയോഗ്യത ഉറപ്പുവരുത്തിയേ വാക്സിന്‍ നല്‍കൂ

10. പോളിയോ വാക്സിനു പാര്‍ശ്വഫലങ്ങളുണ്ടോ ഇതു കുട്ടികള്‍ക്ക് എന്തെങ്കിലും രോഗം ഉണ്ടാക്കുമോ?
ഇല്ല. പോളിയോ വാക്സിനു പാര്‍ശ്വഫലങ്ങളൊന്നുമില്ല.യ ഇതു കുട്ടികള്‍ക്ക് യാതൊരു രോഗവും ഉണ്ടാക്കുകയില്ല. മറ്റു പല കാരണങ്ങളാലും ഓരോ ദിവസവും കുട്ടികള്‍ക്കു പലവിധ രോഗങ്ങളുണ്ടാകുന്നുണ്ട്. ഇത് പള്‍സ് പോളിയോ ദിനത്തിലും സംഭവിക്കാം
11. രണ്ടുതുള്ളിയലധികം മരുന്നു കൊടുത്തുപോയാല്‍ ദോഷമുണ്ടാകുമോ?

യാതൊരു ദോഷവും ഉണ്ടാകില്ല. ശരീരം ആവശ്യമായ അളവു മാത്രമേ സ്വീകരിക്കുകയുള്ളൂ..


ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---ആരോഗ്യ വാർത്തകൾ

0 comments:

Post a Comment