Home » , » മായം - സര്‍വ്വത്ര മായം

മായം - സര്‍വ്വത്ര മായം


“മലപ്പുറത്ത് ഭക്ഷ്യവിഷബാധമൂലം മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. പ്രാതലിന് കഴിച്ച ഓട്ടടയിലും ദോശയിലും പൂപ്പല്‍ ഉണ്ടായതാണ് വിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു. അരിപ്പൊടിയില്‍ ഉണ്ടാക്കിയ ഓട്ടട, ജാമും നെയ്യും ചേര്‍ത്താണ് കുട്ടികള്‍ കഴിച്ചത്”. മലപ്പുറത്തുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി പത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ ആമുഖമാണിത്. ലാഭേച്ഛ കരുതി ഉപഭോഗവസ്തുക്കളില്‍ മായം ചേര്‍ക്കുന്ന പ്രവണത ഒരു ശാപമായി തന്നെ ഇന്ന് നിലനില്‍ക്കുന്നു. ഭക്ഷ്യവിഷബാധയേറ്റുളള മരണങ്ങള്‍ ഇതിന്റെ പ്രകടമായ സൂചനയാണ്. ഏറെ പ്രചാരണം ഇതിനെതിരെ ഉണ്ടായിട്ടും മായം ചേര്‍ക്കല്‍ തടയാനുളള ശ്രമം എത്രമാത്രം വിജയിച്ചുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

അമിതലാഭേച്ഛ മായംചേര്‍ക്കലിലുളള പ്രേരകഘടകം
ആരോഗ്യത്തിന് ഹാനികരമായ അന്യപദാര്‍ത്ഥങ്ങള്‍ ഭക്ഷ്യവസ്തുക്കളില്‍ കലരുന്നത് പലവിധ അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനും തന്നെ കാരണമായിത്തീരാം. നാം ഉപയോഗിക്കുന്ന ആഹാരസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും നമ്മിലേറെപ്പേര്‍ക്കും അറിയില്ല. മായം ചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ വിറ്റ് ലാഭമുണ്ടാക്കാനുളള പ്രവണത ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്നു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യവും, അമിതലാഭേച്ഛയുമാണ് മായം ചേര്‍ക്കലിനുളള പ്രേരക ഘടകം. ഇത് സൃഷ്ടിക്കുന്ന സാമൂഹ്യവിപത്ത് അതീവ ഗുരുതരവും.

നിശ്ചിത ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരം
ഭക്ഷ്യസാധനങ്ങളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനുവേണ്ടി മായംചേര്‍ക്കല്‍ നിരോധനനിയമം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഒരന്യവസ്തു കലര്‍ത്തിയിട്ടില്ലെങ്കില്‍ കൂടി നിശ്ചിത ഗുണനിലവാരം ഇല്ലാത്ത സാധനങ്ങളും മായം ചേര്‍ത്തവയായി പരിഗണിക്കപ്പെടും. വെളളം ചേര്‍ത്ത പാല്‍ വില്‍ക്കുന്നതുപോലെ ക്രീം ചേര്‍ക്കാത്ത ഐസ്ക്രീം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. പൂത്ത ധാന്യങ്ങളും, പുഴുകുത്തിയ പയറും കടലയും, രോഗം ബാധിച്ച മൃഗത്തിന്റെ പാലും, ചത്ത മൃഗത്തിന്റെ ഇറച്ചിയും വില്‍ക്കുന്നത് കുറ്റകരമാണ്. തെറ്റിദ്ധാരണാ ജനകങ്ങളായ പേരുകളോ, സൂചനകളോ ഉത്പന്നത്തിന്റെ ലേബലില്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല. രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ സ്ക്വാഷ് നിറച്ച കുപ്പിയുടെ ലേബലില്‍ ഓറഞ്ചിന്റെ പടം കൊടുത്താല്‍ അത് ഓറഞ്ച് ജ്യൂസാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്.

ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് എടുത്തിരിക്കണം
നിത്യോപയോഗ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരവധി കണ്ണികളുളള ഒരു വലിയ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ ഇന്ത്യയില്‍ മായംചേര്‍ക്കല്‍ നിരോധനനിയമങ്ങള്‍ നടപ്പിലുണ്ടായിരുന്നു. ഇപ്രകാരം നിലനിന്നിരുന്ന നിയമങ്ങള്‍ ക്രോഡീകരിച്ചുണ്ടാക്കിയ മായംചേര്‍ക്കല്‍ നിരോധന നിയമം 1955 ജൂണ്‍ മാസം 1-ാം തീയതി മുതലാണ് ഇന്ത്യയൊട്ടാകെ നിലവില്‍ വന്നത്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവരെല്ലാം അതിനായി പ്രത്യേകം ലൈസന്‍സ് എടുത്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. വിറ്റ സാധനങ്ങള്‍ ഗുണമേന്മയുളളതാണെങ്കില്‍ കൂടി ലൈസന്‍സ് ഇല്ല എന്ന കാരണത്താല്‍ കച്ചവടക്കാരന്റെ പേരില്‍ കേസെടുക്കാവുന്നതാണ്.

ഭക്ഷ്യ ഉത്പന്നങ്ങളില്‍ കലര്‍ത്തുന്ന വിവിധ മായങ്ങള്‍
വിവിധ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നതിനുവേണ്ടി കച്ചവടക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അതീവ രസകരവും ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു മാണ്. കാപ്പിപ്പൊടിയില്‍ ഗോതമ്പ് വറുത്തുപൊടിച്ച് 30% മുതല്‍ 40% വരെ ചേര്‍ത്ത് കച്ചവടക്കാര്‍ വില്പന നടത്തുന്നു. നാട്ടില്‍ സുലഭമായി കിട്ടുന്ന പുളിങ്കുരുവിന്റെ തോടുപൊട്ടിച്ച് തേയിലപ്പൊടിയില്‍ ചേര്‍ക്കുന്നു. ഗോതമ്പിന്റെ തവിട്, ഉമി, പാഴ് വസ്തുക്കള്‍ ഇവയൊക്കെയാണ് മല്ലിപ്പൊടിയില്‍ ചേര്‍ക്കുന്നത്. ഇഷ്ടികപ്പൊടി, ഓടുപൊടി, ചുവന്ന ചോളത്തിന്റെ തൊലി ഇവ മുളകുപൊടിയില്‍ കലര്‍ത്തുന്നു. വനസ്പതിയും, മൃഗക്കൊഴുപ്പുകളും ചേര്‍ത്ത നെയ്യും വിപണിയില്‍ എത്താറുണ്ട്. ആറ്റുമണലിന്റെ കൂടെ വരുന്ന കടലയുടെ ആകൃതിയും നിറവുമുളള ചരല്‍ ശേഖരിച്ചാണ് കടലയില്‍ ചേര്‍ക്കുന്നത്. കടലപ്പരിപ്പ്, വടപ്പരിപ്പ്, തുവരപ്പരിപ്പ് ഇവയ്ക്കൊപ്പം വിലകുറഞ്ഞ കേസരിപ്പരിപ്പ് ചേര്‍ത്ത് വില്പനക്കെത്തിക്കുന്നത് സാധാരണമാണ്. കോടാലിയുടെ ആകൃതിയിലുളള കേസരിപ്പരിപ്പ് ശരീരത്തിന് ദൂഷ്യമുളളതാണ്. കേസരിപ്പരിപ്പിലടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥം പെരുമുട്ടുവാതം എന്ന അസുഖത്തിന് കാരണമായിത്തീരുന്നു.

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഗുരുതരമായ രോഗങ്ങള്‍ സൃഷ്ടിക്കുന്നു.
മധുരപലഹാരങ്ങളായ കേക്ക്, ബിസ്കറ്റ് ഇവയില്‍ കൃത്രിമ മധുരപദാര്‍ത്ഥങ്ങളായ ‘സാക്കറിന്‍’, ‘ഡള്‍സിന്‍’, ‘സോഡിയം സൈക്ളോമേറ്റ്’ ഇവ ചേര്‍ക്കുന്നു. ഒരുദിവസം സാക്കറിന്‍ എന്ന മധുരപദാര്‍ത്ഥം 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഡള്‍സിന്‍ ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥമാണ്. കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളില്‍ ട്യൂമര്‍ ഉണ്ടാകുന്നതിന് “ഡള്‍സിന്‍” കാരണമാകുന്നു. സോഡിയം സൈക്ളോമേറ്റ് എന്ന വിഷവസ്തു മനുഷ്യകോശങ്ങളിലെ ക്രോമസോമുകള്‍ക്കാണ് തകരാറുണ്ടാക്കുന്നത്. അടുത്ത തലമുറയെപ്പോലും ബാധിക്കുന്ന ഒരു പ്രശ്നമായി ഇത് മാറിയേക്കാം.

അജിനോമോട്ടോയും, ആവര്‍ത്തിച്ചുപയോഗിക്കുന്ന എണ്ണയും അപകടകാരികള്‍
ഫാസ്റ്ഫുഡ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്” അഥവാ “അജിനോമോട്ടോ” എന്ന രാസപദാര്‍ത്ഥം ഭക്ഷണവസ്തുക്കളില്‍ രുചിദായകവസ്തുവായി ചേര്‍ക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ നിരോധിച്ചിട്ടുളള ഒരു വസ്തുവാണ് “മോണോസോഡിയം ഗ്ളൂട്ടാമേറ്റ്”. ഒരിക്കല്‍ പാചകം ചെയ്ത എണ്ണയില്‍ വീണ്ടും ഭക്ഷണം പാകം ചെയ്യുമ്പോള്‍, ആദ്യഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കരിഞ്ഞ് കാര്‍ബണായിത്തീരുകയും അത് എണ്ണയുമായി ചേര്‍ന്ന് വിഷവസ്തുക്കളുണ്ടാവുകയും ചെയ്യുന്നു. അതുകൂടാതെ അമിതമായ ചൂടില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴും, തുടരെത്തുടരെ ചൂടാക്കുമ്പോഴും എണ്ണയില്‍ നിന്നുതന്നെ മാരകമായ വിഷവസ്തുക്കള്‍ ഉത്പാദിക്കപ്പെടുന്നു.

ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം
ഭക്ഷ്യപദാര്‍ത്ഥങ്ങളിലുണ്ടാകുന്ന പൂപ്പല്‍, ആരോഗ്യത്തിന് വളരെ ഹാനികരമാണ്. പൂപ്പലുകളില്‍ മാരകമായ “അഫ്ളാടോക്സിന്‍” എന്ന വിഷവസ്തു ഉണ്ടായിരിക്കും. ഇതു കരള്‍രോഗത്തിനും കാന്‍സറിനും കാരണമാകുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രോഗാണുക്കള്‍ കലരുന്നതുമൂലം വയറിളക്കം, ഛര്‍ദ്ദി, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. സംസ്കരിക്കാത്ത പാല്‍, മത്സ്യം, മാംസം എന്നീ ആഹാരപദാര്‍ത്ഥങ്ങളില്‍ ഇത്തരത്തിലുളള രോഗാണുക്കള്‍ ഉണ്ടാകുന്നതിനുളള സാധ്യതയേറെയാണ്. കുപ്പിയിലടച്ചുവരുന്ന മിനറല്‍ വാട്ടറില്‍ അപകടകരമായ രാസമാലിന്യങ്ങളും അണുജീവികളും ഉണ്ടാകാം. ഉപഭോക്താവിന്റെ വൃക്കകളെ തകരാറിലാക്കുകയോ, അര്‍ബുദരോഗത്തിന് ഇടവരുത്തുകയോ ചെയ്യാവുന്ന മാലിന്യങ്ങള്‍ വെളളത്തില്‍ നിന്നും നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. മിനറല്‍ വാട്ടര്‍ വിപണിയിലെത്തിക്കുന്ന കമ്പനികള്‍ കര്‍ശന ഗുണനിയന്ത്രണപരിപാടികള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ.

നിരോധിച്ച ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കരുത്
നിര്‍മ്മാതാവ്, ഉത്പന്നത്തിന്റെ സ്വഭാവത്തിനോ ഗുണത്തിനോ ഹാനികരമാകത്തക്കവിധം ഏതെങ്കിലും ഇതരഘടകങ്ങള്‍ ചേര്‍ക്കുവാന്‍ പാടുളളതല്ല. വസ്തുവിന്റെ ഗുണമോ, ശുദ്ധിയോ നിശ്ചിത നിലവാരത്തിന് താഴെയുളളതാവാന്‍ പാടില്ല. ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിശ്ചിത പരിധിക്കുളളില്‍ ഇല്ലാതെ വന്നാല്‍ കുറ്റകരമാണ്. നിര്‍ദ്ദേശിക്കപ്പെട്ട വര്‍ണ്ണവസ്തു അല്ലാതെ നിറം കൊടുക്കാനുളള മറ്റേതെങ്കിലും വസ്തുക്കള്‍ ഉത്പന്നത്തില്‍ ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. പൊതുജനാരോഗ്യ സംരക്ഷണത്തിനുവേണ്ടി ആരോഗ്യവകുപ്പധികൃതര്‍ നിശ്ചിത കാലത്തേക്ക് വിപണനം നിരോധിച്ചിട്ടുളള ഏതെങ്കിലും ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും കുറ്റകരമാണ്.

മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പ്രത്യേകവിഭാഗം
കേരളത്തില്‍ മായംചേര്‍ക്കല്‍നിരോധനനിയമം നടപ്പാക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പിന്റെ കീഴില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടറും, ടെക്നിക്കല്‍ അസിസ്റന്റും ലീഗല്‍ അസിസ്റന്റും മറ്റ് ഓഫീസ് ജീവനക്കാരും ഉള്‍പ്പെട്ട ഒരു പ്രത്യേകവിഭാഗം പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കുന്നതിന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് അനലറ്റിക്കല്‍ ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍മാരാണ് മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് ഫുഡ് ഇന്‍സ്പെക്ടര്‍മാരും ഉദ്ദേശം ഇരുപത് പഞ്ചായത്തുകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ നിര്‍മ്മിക്കുകയോ, വില്‍പന നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ പരിശോധിക്കുക, ഭക്ഷ്യലൈസന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക, സാധനങ്ങള്‍ പരിശോധനയ്ക്കെടുത്ത് ലബോറട്ടറികളിലേക്ക് അയയ്ക്കുക, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുക, കോടതികളില്‍ കേസ് നടത്തുക തുടങ്ങിയവ ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ ചുമതലകളാണ്. ഭക്ഷ്യസാധനങ്ങളില്‍ മായം ചേര്‍ത്തു എന്ന കുറ്റം കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കച്ചവടക്കാരന്‍ “പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡള്‍ട്ടറേഷന്‍ ആക്ട്” അഥവാ പി.എഫ്.എ. ആക്ട് അനുസരിച്ച് ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മിനറല്‍ വാട്ടര്‍ സാമ്പിളുകളില്‍ മാലിന്യങ്ങളുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വില കൊടുത്താണ് പരിശോധിക്കുന്നതിനുവേണ്ടി ഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കേണ്ടത്. ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നത് പ്രവര്‍ത്തനത്തെ പലപ്പോഴും ബാധിക്കുന്നു കേരള സര്‍ക്കാരിന്റെ ഫുഡ്അഡ്മിനിസ്ട്രേഷന്‍ വിഭാഗം നിരന്തരം ഉന്നയിക്കുന്ന പരാതിയാണിത്.

മായംചേര്‍ക്കല്‍ നിരോധനനിയമം നടപ്പിലാക്കാന്‍ പൊതുജനപങ്കാളിത്തം വേണം.
ആഹാരസാധനങ്ങളിലെ മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പാക്കുന്ന കാര്യത്തില്‍ പൊതുജനപങ്കാളിത്തം അനുപേക്ഷണീയമാണ്. ഉത്പന്നത്തിന്റെ പുറത്ത് രേഖപ്പെടുത്തിയതിലും അധികം വില നല്‍കാതിരിക്കുക, കബളിപ്പിക്കപ്പെടുന്നത് നിസാരമായ തുകയ്ക്കാണെങ്കില്‍ കൂടി പരാതി നല്‍കുക, അളവുതൂക്ക ഉപകരണങ്ങളില്‍ തൂക്കപരിശോധന നടത്തിയ മുദ്ര പതിപ്പിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്തൃതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായകമാണ്. ഐ.എസ്.ഐ., എഫ്.പി.ഒ., അഗ്മാര്‍ക്ക് എന്നീ മുദ്രകളുളള സാധനങ്ങള്‍ ഗുണനിലവാരം സംബന്ധിച്ച് സര്‍ക്കാരിന്റെ അംഗീകാരം നേടിയിട്ടുളള ഉത്പന്നങ്ങളാണ്. സാധനം വാങ്ങുമ്പോള്‍ ഗുണനിലവാരമുദ്രയുളളവ വാങ്ങുന്നതിന് ഉപഭോക്താവ് പ്രത്യേകം ശ്രദ്ധിക്കണം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ് നല്‍കുന്ന ഐ.എസ്.ഐ. മുദ്രയുളള സാധനങ്ങള്‍ നിര്‍ദ്ദിഷ്ട ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ധാന്യങ്ങള്‍, മസാലപ്പൊടികള്‍, തേന്‍, നെയ്യ്, ഭക്ഷ്യഎണ്ണകള്‍ തുടങ്ങി 143 കാര്‍ഷിക വിഭവങ്ങള്‍ക്ക് നല്‍കുന്ന ഗുണമേ•യുടെ അടയാളമാണ് ‘അഗ്മാര്‍ക്ക്’. കേരളത്തില്‍ അഗ്മാര്‍ക്കിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാരും, കേരളസര്‍ക്കാരും സംയുക്തമായാണ് നടപ്പിലാക്കുന്നത്.

മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കുക
മായം ചേര്‍ക്കല്‍ നിരോധന നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത് വളരെ കുറഞ്ഞുവരുന്നു എന്ന പരാതി ഇവിടെ നിലനില്‍ക്കുകയാണ്. നിരവധി വര്‍ഷങ്ങളായി പരിശോധന നടന്നിട്ടില്ലാത്ത ഹോട്ടലുകളും ബേക്കറികളും സോഡാഫാക്ടറികളും ഐസ്ക്രീം പാര്‍ലറുകളും കേരളത്തിലുണ്ട് എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത് ശുചിത്വത്തിന്റെ അഭാവമാണ് വെളിവാക്കുന്നത്. സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കുന്നതിലും, മായം ചേര്‍ത്ത സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിലും ഉളള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങള്‍ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. മായം ചേര്‍ക്കുന്നതായി കാണുന്ന ഭക്ഷണശാലകളും കച്ചവടസ്ഥാപനങ്ങളും ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. തുടര്‍ച്ചയായി മായം ചേര്‍ക്കുന്ന വ്യപാരികളെ കണ്ടെത്തുകയും അവരെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വേണം. പരിശോധനയ്ക്കാവശ്യമായ ഫണ്ടും സര്‍ക്കാര്‍ ലഭ്യമാക്കേണ്ടതുണ്ട്. ലാഭേച്ഛ നിറഞ്ഞ വ്യാപാരികളുടെ മനുഷ്യത്വരഹിതമായ ചൂഷണത്തിന് വിധേയരാകുന്നവരെന്ന നിലയ്ക്ക് മായം ചേര്‍ക്കലിനെതിരെ പ്രതികരിക്കാനുളള ബാധ്യത ഓരോ പൌരനുമുണ്ട്. ഉപഭോക്തൃസംഘടനകള്‍, മഹിളാസംഘടനകള്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് മായം ചേര്‍ക്കലിനെതിരെയുളള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ക്രിയാത്മക സഹകരണം നല്‍കുവാന്‍ കഴിയും. പൊതുജനാരോഗ്യപ്രവര്‍ത്തനരംഗത്ത് അടിയന്തരശ്രദ്ധ പതിപ്പിക്കുന്ന നമ്മുടെ രാജ്യത്ത്, മായം ചേര്‍ക്കല്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഈ പോസ്റ്റ് നമ്മുടെ ഗ്രൂപ്പിൽ ഷെയർ ചെയ്തത്---ആരോഗ്യ വാർത്തകൾ

0 comments:

Post a Comment